ശ്രീരംഗം ക്ഷേത്രത്തിലേക്ക് സുസ്വാഗതം.
ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ എട്ട് സ്വയംഭൂക്ഷേത്രങ്ങളിൽ (സ്വയം വ്യക്ത ക്ഷേതം) വച്ച് സർവ്വ പ്രധാനമായ ക്ഷേത്രമാണ് ശ്രീരംഗം ക്ഷേത്രം. ദിവ്യദേശങ്ങൾ എന്നറിയപ്പെടുന്ന, 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നാമത്തെയും, ഏറ്റവും ശ്രദ്ധേയവും, സുപ്രധാനവുമാണ് ഈ ക്ഷേത്രം. തിരുവരംഗ തിരുപ്പതി, പെരിയകോവിൽ, ഭൂലോക വൈകുണ്ഠം എന്നീ പേരുകളിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. വൈഷ്ണവ വാക്ശൈലി അനുസരിച്ച് “കോവിൽ” ക്ഷേത്രത്തെ പ്രതിനിധീകരിക്കുന്നു. ഈ ക്ഷേത്രം ആകാരത്തിൽ വളരെ വലിപ്പമുള്ളതാണ്. ക്ഷേത്ര സമുച്ചയം സ്ഥിതിചെയ്യുന്നത് 156 ഏക്കർ സ്ഥലത്താണ്. ഇതിന് ഏഴ് പ്രാകാരങ്ങൾ അഥവാ ചുറ്റുമതിലുകളുണ്ട്. ഇവ വലിയ കോട്ടകൊത്തളങ്ങളായി ശ്രീകോവിലിനു ചുറ്റുമായാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പ്രാകാരങ്ങളിലായി പ്രൌഢ ഗംഭീരമായ 21 ഗോപുരങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഏതൊരു സന്ദർശകനും ഒരു അനുപമമായ ഒരു ദൃശ്യവിരുന്നു തന്നെയായിരിക്കും. ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇരട്ടനദികളായ കാവേരി, കോളെറൂൺ എന്നിവയാൽ നിർമ്മിക്കപ്പെട്ട ഒരു ചെറു ദ്വീപിലാണ്.
