ശ്രീരംഗം ക്ഷേത്രത്തിലേക്ക് സുസ്വാഗതം.

Sri Ranganatha Swamy Temple, Srirangam

ഘടന

ശ്രീരംഗം ക്ഷേത്രം ഇന്ത്യയുടെ തെക്കേയറ്റത്തു നിന്നും 10 ഡിഗ്രി 52‘ വടക്കു മാറിയും 78 ഡിഗ്രി 42’ കിഴക്കുമാറിയും കാവേരി നദിയുടെ രണ്ടു കൈവഴികളാൽ നിർമ്മിതമായ ഒരു ചെറു ദ്വീപിൽ സ്ഥിതി ചെയ്യുന്നു.ഈ ക്ഷേത്രത്തിന്റെ വിസ്തീർണ്ണം ഏകദേശം 6,31,000 ചതുരശ്രമീറ്ററാണ്‌ (156 ഏക്കർ). ഈ ക്ഷേത്രത്തിന്‌റെ ശ്രീകോവിലിനു ചുറ്റുമായി ഏകകേന്ദ്രിതമായ ഏഴ് ചുറ്റമ്പലങ്ങളുണ്ട്. ഇന്ത്യയിലുള്ള ക്ഷേത്രങ്ങളിൽ ശ്രീരംഗം ക്ഷേത്രത്തിനു മാത്രമാണ്‌ ഏഴു ചുറ്റമ്പലങ്ങളുള്ളത്. ഇന്നത്തെ വൈഷ്ണവ വിശ്വാസികളുടെ ദിവ്യപ്രതീക സംഖ്യയായ ഏഴ് പ്രതിനിധീകരിക്കുന്നത് ഒന്നുകിൽ യോഗയുടെ ഏഴ് കേന്ദ്രങ്ങൾ, അല്ലെങ്കിൽ മനുഷ്യശരീരം നിർമ്മിതമായിരിക്കുന്ന ഏഴ് ഘടകങ്ങളെയാണ്. ഇവയുടെ കേന്ദ്രത്തിലാണ്‌ ആത്മാവ് കുടികൊള്ളുന്നത് എന്ന് അവർ വിശ്വസിക്കുന്നു.

ഏഴാം ചുറ്റമ്പലം

ഏഴാമത്തെ ചുറ്റമ്പലത്തിന്റെ ഗോപുരങ്ങൾ അപൂർണ്ണമാണ്‌. അവയെ രായഗോപുരം എന്ന് വിളിക്കുന്നു. ആകർഷകമായ അവയുടെ അടിസ്ഥാന അളവുകൾ തെളിയിക്കുന്നത് അവ പൂർണ്ണമായിരുന്നുവെങ്കിൽ ഏകദേശം 50 മീറ്റർ നീളത്തിൽ ഉയർന്നു നിൽക്കുമായിരുന്നു എന്നാണ്‌.

ആറാം ചുറ്റമ്പലം

ആറാം ചുറ്റമ്പലത്തിന്‌ നാല് ഗോപുരങ്ങളുണ്ട്; വലിപ്പത്തിലും, പതിമൂന്നാം നൂറ്റാണ്ടിൽ കോറിയിടപ്പെട്ട ശിലാലിഖിതങ്ങളുടെ കാര്യത്തിലും ഇവയിൽ കിഴക്കേ ഗോപുരമാണ്‌ ഏറ്റവും ആകർഷകമായി നിലകൊള്ളുന്നത്. ഘോഷയാത്രാരഥങ്ങളൊക്കെ ഈ ചുറ്റമ്പലത്തിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്.

അഞ്ചാം ചുറ്റമ്പലം

അഞ്ചാം ചുറ്റമ്പലത്തിൽ ചോള ശൈലിയിൽ നിർമ്മിച്ച മണവാള മാമുനികളുടെ മന്ദിരമാണുള്ളത്.

നാലാം ചുറ്റമ്പലം

നാലാം ചുറ്റമ്പലത്തിന്റെ തെക്കെ നടയിൽ, അഹിന്ദുക്കളെ അതിശയിപ്പിക്കുന്ന രീതിയിലുള്ള ഒരു വേണുഗോപാല ക്ഷേത്രമുണ്ട്. ഇതിന്റെ പുറമതിലുകൾ അലങ്കരിച്ചിരിക്കുന്നത് കൊത്തുപണികളുടെ രൂപത്തിൽ മനോഹരികളായ ചെറുപ്പക്കാരികൾ വീണ വായിക്കുന്നതും, തത്തയെ പിടിച്ചുകൊണ്ടു നിൽക്കുന്നതും, കണ്ണാടിയിൽ നോക്കി തിലകം ചാർത്തുന്നതുമായ ശിൽപ്പങ്ങൾ കൊണ്ടാണ്‌. ഈ ക്ഷേത്രത്തിന്റെ മുകളിലുള്ള മട്ടുപ്പാവിൽ കയറി നിന്നു നോക്കിയാൽ ശ്രീരംഗം ക്ഷേത്രത്തിന്റെ ആകമാനമുള്ള ഒരു കാഴ്ച്ച ലഭിക്കുന്നതാണ്‌. ഈ ചുറ്റമ്പലത്തിൽ അനേകം കൗതുകവസ്തുക്കൾ നിറച്ച ഒരു പ്രദർശനാലയവും സജ്ജീകരിച്ചിട്ടുണ്ട്. തലയുയർത്തി നിൽക്കുന്ന വെള്ളി ഗോപുരം കൊണ്ട് അലങ്കരിക്കപ്പെട്ട ഈ ചുറ്റമ്പലത്തിന്റെ കിഴക്കെ മുറ്റത്ത് അഹിന്ദുക്കൾക്കും പ്രവേശനം ലഭിക്കുന്നതാണ്‌. തെക്കുവശത്തായി പ്രസിദ്ധമായ ശേഷരായർ മണ്ഡപം സ്ഥിതി ചെയ്യുന്നു. ഈ മണ്ഡപത്തിന്‌ എതിരായി ആയിരം സ്തൂപങ്ങളുള്ള വിശാലമായ ഒരു നടപ്പുര (തളം) കാണാം. ഇവിടെയാണ്‌ ഡിസംബർ ജനുവരി മാസങ്ങളിൽ നടക്കുന്ന മഹത്തായ വാർഷിക ഏകാദശി ഉൽസവക്കാലത്ത് ദേവന്മാരുടെയും, ദേവതമാരുടെയും, ആചാര്യപ്രമുഖന്മാരുടെയുമൊക്കെ ശില്പങ്ങൾ ഒരുക്കിനിർത്തുന്നത്.

towers
towers1

മൂന്നാം ചുറ്റമ്പലം

ഗരുഡമണ്ഡപത്തിലേക്ക് നയിക്കുന്ന കാർത്തിക ഗോപുരമാണ്‌ മൂന്നാം ചുറ്റമ്പലത്തിലുള്ളത്. പതിനാല്‌ വരികളായി നിർമ്മിച്ചിരിക്കുന്ന ഈ മണ്ഡപമാണ്‌ ഈ ക്ഷേത്രത്തിലെ ഏറ്റവും മനോഹരമായ മണ്ഡപം. പടിഞ്ഞാറെ നടയിൽ അടുക്കളകളും, അരി സൂക്ഷിക്കുന്ന പുരകളും കാണാൻ സാധിക്കും. ഈ ചുറ്റമ്പലത്തിന്റെ കിഴക്കേ നടയിലാണ്‌ ചന്ദ്രപുഷ്കരണി എന്ന ദിവ്യമായ കിണർ സ്ഥിതി ചെയ്യുന്നത്. കിഴക്കും പടിഞ്ഞാറും വശങ്ങളിലൂടെ പടിക്കെട്ടുകൾ താഴേക്ക് ചുറ്റിവളഞ്ഞു പോകുന്ന മാതൃകയിലാണ്‌ ഈ കിണർ നിർമ്മിച്ചിരിക്കുന്നത്. കിഴക്കേ നടയിൽ ഒറ്റപ്പെട്ട ചില ഗർഭഗൃഹങ്ങളും, മണ്ഡപങ്ങളും കാണാവുന്നതാണ്‌.

രണ്ടാം ചുറ്റമ്പലം

രണ്ടാം ചുറ്റമ്പലത്തിൽ എത്തുന്നതിനായി നമുക്ക് തെക്കൻ ആര്യഭട്ടാലിലൂടെ കയറി വരേണ്ടിവരും. മറ്റുള്ളവയിൽ നിന്നും താരതമ്യേന ഇടുങ്ങിയ ഈ ചുറ്റമ്പലം സന്ദർശകരുടെ ശ്രദ്ധയെ വേഗത്തിൽ ആകർഷിക്കുന്നത് അതിൽ ഒഴുകി പരക്കുന്ന വെളിച്ചം കൊണ്ടാവും. കാരണം ഈ ചുറ്റമ്പലം നിറയെ പൊട്ടിത്തകർന്ന നിലയിലുള്ള മണ്ഡപങ്ങളുടെ ഒരു ശ്രേണിയാണ്‌ കാണുവാൻ സാധിക്കുക. ഇതിന്റെ വടക്കുകിഴക്കേ മൂലയിൽ ഈശ്വരന്റെ ഭക്ഷണശാലകളാണ്‌.മുൻകാലങ്ങളിൽ ഇവിടെ പാലും ഭഗവാന്‌ കാണിക്കയായി ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളും വയ്ക്കുകയും, ഇവ തീർത്ഥാടകർക്ക് വിതരണം ചെയ്യുകയും ചെയ്തിരുന്നു.

ഒന്നാം ചുറ്റമ്പലം

അവസാനമായി സന്ദർശകർ രണ്ടാം ചുറ്റമ്പലം പോലെതന്നെ തെക്കുവശത്ത് ഒരു പ്രവേശന കവാടം മാത്രമുള്ള ഒന്നാം ചുറ്റമ്പലത്തിൽ എത്തിച്ചേരുന്നു. ഇതാണ്‌ നചികേതൻ ഗോപുരം. ഇതിന്റെ രണ്ടു വശത്തുമായി ശംഖനിധി, പത്മനിധി എന്ന രണ്ട് പ്രതിമകളുണ്ട്. ഇവ മഹാവിഷ്ണുവിന്റെ പ്രതീകങ്ങളായ ശംഖിനെയും, പത്മത്തെയും സൂചിപ്പിക്കുന്നു. ഈ ഗോപുരത്തിന്റെ തെക്കുപടിഞ്ഞാറേ ദിക്കിലായി കലവറകൾ സജ്ജീകരിച്ചിരിക്കുന്നു. ഈ ചുറ്റമ്പലത്തിന്റെ മൂലകളിൽ വലിയ നിലക്കണ്ണാടികൾ സ്ഥാപിച്ചിരിക്കുന്നു. ശ്രീകോവിലിൽ വിളക്കുകൊളുത്തുമ്പോൾ തെളിയുന്ന പ്രഭയിൽ, ഈ കണ്ണാടികളിൽ ഭഗവാന്റെ വിഗ്രഹം പ്രതിഫലിച്ചു കാണുന്നു. വടക്കുപടിഞ്ഞാറെ ദിക്കിലായി യാഗശാലയും, തോണ്ടൈമാൻ മണ്ഡപവും കാണാം ഇവയുടെ മേൽക്കൂരകൾ വിവിധരൂപങ്ങളുടെ ചിത്രങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. കിഴക്കുദിക്കിൽ രണ്ട് മണ്ഡപങ്ങളാണുള്ളത് – അർജ്ജുന മണ്ഡപവും, കിളിമണ്ഡപവും.